കൊറോണ മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 633 ആയി ഉയർന്നു. ചൊവ്വാഴ്ച 197 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അവലോകന യോഗത്തിനു ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗ ലക്ഷണങ്ങൾ കാണിച്ച 16 പേരിൽ ഏഴു പേരെ മാത്രമാണ് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഒമ്പതുപേരെ കുഴപ്പമില്ലെന്നുകണ്ട് ഡിസ്ചാർജ് ചെയ്തു. 10 പേരുടെ രക്ത സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ ആറും നെഗറ്റിവാണ്. നാലുപേരുടെ ഫലം കൂടി വരാനുണ്ട്. ഐ.സി.എം.ആർ മാർഗ നിർദേശ പ്രകാരമാണ് നടപടികൾ. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽ വരുന്ന യാത്രക്കാരെ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി. മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നവരെ ആരോഗ്യ വകുപ്പ് നേരിട്ട് നിരീക്ഷിക്കും. ചൈന പോലെ രോഗബാധയുള്ള രാജ്യത്തുനിന്ന് വരുന്നവർ സ്വമേധയാ റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ ഇതുവരെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഒരാൾക്കെങ്കിലും ബാധിച്ചാൽ അതിനെ നേരിടുന്നതിനുള്ള സംവിധാനമാണ് ആരോഗ്യ വകുപ്പ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 28 ദിവസം വരെയാണ് നിരീക്ഷണം. കൊറോണ ബാധ സ്ഥിരീകരിച്ച ചൈനയിൽ ഇപ്പോൾ മരണ സംഖ്യ 132 ആയി ഉയർന്നു. 6000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൻ സുരക്ഷ ക്രമീകരണങ്ങളാണ് കേരളത്തിൽ ഒരുക്കിയിരിക്കുന്നത്.
Content Highlights: coronavirus, 633 persons under observation in Kerala