പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ന് യുഡിഎഫിൻ്റെ മനുഷ്യഭൂപടവും വയനാട്ടിൽ രാഹുലിൻ്റെ ലോങ് മാര്‍ച്ചും

UDF human map protest against CAA in all over Kerala 

കേന്ദ്രസര്‍ക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിൻറെ മനുഷ്യഭൂപടം ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കുക. എല്‍ഡിഎഫിൻ്റെ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്നാലെയാണ് യുഡിഎഫിൻ്റെ മനുഷ്യഭൂപടം ഒരുങ്ങുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ചും നടത്തും. കേന്ദ്രത്തിനും ഗവർണ്ണർക്കും ഒപ്പം സംസ്ഥാന സർക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെ അണി നിരത്താനാണ് യുഡിഎഫിൻ്റെ നീക്കം. ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിൻ്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും.

നാലുമണിക്കാണ് റിഹേഴ്‌സല്‍. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കളും നേതൃത്വം നല്‍കും. കല്‍പറ്റ എസ്കെഎംജെ സ്കൂളിൽ നിന്നും പുതിയ സ്റ്റാൻഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. തുടര്‍ന്ന്, രാഹുല്‍ഗാന്ധി പൊതു സമ്മേളനത്തില്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്.

Content Highlights: UDF human map protest against CAA in all over Kerala