പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പശ്ചിമ ബംഗാൾ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയിത്രയെ അഭിനന്ദിച്ച് എം.പി ശശി തരൂര്‍. ട്വിറ്ററില്‍ മഹുവയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് തരൂര്‍ അഭിനന്ദനമറിയിച്ചത്. ‘അതിഗംഭീര പ്രസംഗം മഹുവ മോയിത്ര. നിങ്ങള്‍ പ്രതിപക്ഷത്തിന്റെ മൂര്‍ച്ചയുള്ളതും വികാരതീവ്രവുമായ ശബ്ദമായി മാറി. ഞങ്ങളെല്ലാം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു!’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ പരാമര്‍ശനങ്ങളാണ് മഹുവ മോയിത്ര നടത്തിയത്. ജനങ്ങളെ ബിജെപി വഞ്ചിക്കുകയാണെന്ന് മഹുവ ആരോപിച്ചു. ബിജെപി ഉയര്‍ത്തിപ്പിടിച്ച എല്ലാവര്ക്കും വികസനമെന്ന മുദ്രാവാക്യത്തെ വിശ്വസിച്ച് വോട്ടു ചെയ്ത ജനങ്ങളെ ആ പാര്‍ട്ടി തന്നെ വഞ്ചിക്കുകയാണെന്നും അവര്‍ പറഞ്ഞു. ‘സബ് കാ സാത്ത് സബ്കാ വികാസ് എല്ലാവര്ക്കും വികസനം എന്ന ബിജെപിയുടെ മുദ്രാവാക്യം വിശ്വസിച്ച് വോട്ടു ചെയ്ത ജനങ്ങളെ അതേ പാര്‍ട്ടി തന്നെ ചതിക്കുകയാണ്. വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേക്ക് എത്തിച്ച പൗരന്മാരുടെ പൗരത്വത്തെ ചോദ്യം ചെയ്തുകൊണ്ട് നിങ്ങള്‍ അവരെ ഒറ്റുക്കൊടുക്കുകയാണെന്നും മൊയിത്ര പറഞ്ഞു. ആദ്യം അടയാളപ്പെടുത്തുകയും പിന്നീട് വിലക്കേര്‍പ്പെടുത്തുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യും. ശേഷം ഉന്മൂലനം ചെയ്യുന്നതിനുമുള്ള കുടിലമായ മാര്‍ഗമാണ് ദേശിയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും. എന്നാല്‍ ജനങ്ങള്‍ അതിനെ അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ അച്ഛന്മാര് ഭീകരവാദികളാവുകയും ഞങ്ങളുടെ മക്കള്‍ ദേശദ്രോഹികളാവുകയും ചെയ്യുന്ന കഥകളാണ് ബിജെപി മെനയുന്നതെന്നും മൊയിത്ര പറഞ്ഞു.
ആദ്യ ലോകസഭാ സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയ പ്രസംഗം കഴിഞ്ഞ് പ്രധാനമന്ത്രി അടക്കം കയ്യടി നേടിയെങ്കിലും സഭയെ നടുക്കി കൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം. പടിഞ്ഞാറന്‍ ബംഗാളിലെ കൃഷ്മനഗര് മണ്ഡലത്തില്‍ നിന്ന് അരലക്ഷത്തില്‍ ഏറെ വോട്ടുകള്‍ നേടിയാണ് മഹുവ മോയിത്ര പാര്‍ലമെന്റിലെത്തിയത്.
content highlights: shashi tharoor appreciated mehua moitra for her speech in parliament







