യു.പിയിൽ പന്നിപ്പനി ബാധിച്ച് 9 മരണം; പനിയൊരു രോഗമല്ലെന്നും, പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Swine flu death toll reaches 9 in Uttar Pradesh, CM Yogi says it's 'not a disease'

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോൾ ഇന്ത്യയിൽ പ്രത്യേകിച്ച് യു.പിയിൽ പന്നിപ്പനി കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് മരണ സംഖ്യ 9 ആയി ഉയർന്നു. ഇതിൽ ആറ് പേർ മരണപെട്ടിരിക്കുന്നത് മീററ്റിലാണ്. കഴിഞ്ഞ 48 മണിക്കൂറുകൾക്കുള്ളിൽ ഏതാനും പി.എ.സി ജവാന്മാർക്കും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു രോഗം പടരുന്നു എന്ന കേട്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലഖ്‌നൗവിലെ ഔറംഗബാദിൽ ആരോഗ്യ മേളയുടെ ഭാഗമായി നടന്ന ജപ്പാനീസ് എൻസെഫലൈറ്റിസ് (ജെഇ), അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്നിവയെ പ്രതിരോധിക്കുന്നതിന് വേണ്ടി കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു മാസം നീണ്ട് നിൽക്കുന്ന വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീററ്റിൽ പനി ബാധിച്ച് ഏതാനും പേർ മരണ പെട്ട വിവരം തനിക്ക് ലഭിച്ചിരുന്നുവെന്നും, കാലാവസ്ഥ വ്യതിയാനം മൂലം പനിയും ജലദോഷവും ഉണ്ടാകുമെന്നും, ഇങ്ങനെ ഉണ്ടാകുന്നതിനെയാണ് നമ്മൾ പന്നിപ്പനിയെന്നൊ പക്ഷിപ്പനിയെന്നൊ അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊക്കെ പേരിട്ടു വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പനി പടരുകയാണെന്ന് കരുതി പരിഭ്രാന്തരാകേണ്ടതില്ലെന്നും, ആശുപത്രികളിൽ പ്രത്യേക വാർഡുകൾ ഉണ്ടാക്കുകയും അതിലൂടെ വ്യാപനം തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിഭ്രാന്തി സൃഷ്ടിക്കുന്നതിനു പകരം ആളുകളെ ഇതിനെ കുറിച്ച് ബോധവാന്മാരാക്കുകയാണ് ചെയ്യെണ്ടതെന്നും, പ്രതിരോധത്തിൻ്റെയും, ചികിത്സയുടേയും മാർഗ്ഗത്തെകുറിച്ച് ജനങ്ങളോടു പറയുകയും ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Swine flu death toll reaches 9 in Uttar Pradesh, CM Yogi says it’s ‘not a disease’