കൊവിഡ് 19: സര്‍വ്വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. വൈകിട്ട് 4 മണിക്കാണ് യോഗം. സെന്‍സസുമായി ബന്ധപെട്ട് നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വ്വകക്ഷി യോഗം പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അജണ്ഡ മാറ്റുകയായിരുന്നു.

കൊവിഡിനെ ചെറുക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍. എന്നാല്‍ മൂന്നാറിലെ കെടിഡിസി ഹോട്ടലില്‍നിന്ന് കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപെട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ച്ചകളും പ്രതിപക്ഷം ഉന്നയിക്കും.

തിരുവനന്തപുരത്ത് മാത്രം 2014 പേരാണ് നിരീക്ഷണത്തിലുള്ളത്. 1955 പേര്‍ വീടുകളിലും 48 പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഞായറാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നാറില്‍ താമസിച്ച ബ്രിട്ടീഷ് പൗരനും, വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്കുമാണ് കൊവിഡ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി.