ഇന്നലെയാണ് മലപ്പുറത്ത് 2 പേര്‍ക്കും കാസര്ഗോട ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളെജിലും കാസര്ഗോടുള്ള രോഗി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വിവരം കണ്ട്രോള് സെല്ലില്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയവര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.
കാസര്‍ഗോട് രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയവരുടെ പട്ടിക തയ്യാറാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാളുടെ കുടുംബം കാസര്‍ഗോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ദുബായില്‍ നിന്നും 13ന് രാത്രി പുറപ്പെട്ട് 14ന് രാവിലെ 5:20ന് മംഗളൂരു വിമാനതാവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ IX 814 വിമാനത്തിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപെടണമെന്ന് അറിയിപ്പുണ്ട്.
തിരുവനന്തപുരത്ത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വര്‍ക്കലയിലെ ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഇതുവരെ പൂര്‍ണമായിട്ടില്ല.
കേരളത്തില്‍ 3 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 12,740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്നലെ മാത്രം കോവിഡ് ഉണ്ടെന്ന് സംശയിക്കുന്ന 72 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അതേസമയം കര്‍ണാടകയിലും 2 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.