ന്യൂഡൽഹി: ഇന്ത്യയിലെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രമായ താജ്മഹൽ അടച്ചു. കൊറോണ വൈറസ് വ്യാപനം കൂടിയതോടെയാണ് അധികൃതർ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. കൂടാതെ, ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈയിലെ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കാനും തീരുമാനമായി.
സംസ്ഥാനത്തെ സ്കൂളുകള്‍, സിനിമ തിയറ്ററുകള്‍, മാളുകള്‍, ജിം, എന്നിവ അടച്ചിടണമെന്ന നിർദ്ദേശം വന്നതിന് പിന്നാലെയാണ് താജ്മഹൽ അടക്കാനുള്ള തീരുമാനവും കേന്ദ്ര സർക്കാർ സ്വീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുള്ളത്. 39 കേസുകളാണ് മഹാരാഷ്ട്രയിൽ ഇതേവരെ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 125 ആയി.
കൊറോണ വൈറസിൻറെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആവശ്യപെടുന്നവരുടെ കൈകളിൽ മുദ്ര പതിപ്പിക്കാനുള്ള പുതിയ നീക്കം മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച് കഴിഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഇടതു കൈയ്യുടെ പിറകിലായി മുദ്ര പതിപ്പിക്കാനാണ് തീരുമാനം. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി കൂടുതൽ വെല്ലുവിളികള്‍ വരുത്താതിരിക്കാനാണ് ഇത്തരമൊരു നീക്കം. 39 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ നിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. വിസ നിയന്ത്രണ കാലാവധിയും നീട്ടിയിരുന്നു.
Content Highlight: Taj Mahal closed due to corona scare