ചണ്ഡീഗഢിലും കൊവിഡ് ; രാജ്യത്ത് സ്ഥിരീകരിച്ചത് 171 പേര്‍ക്ക്

ചണ്ഡീഗഢിലും കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നു മടങ്ങിയെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 171 ആയി. ഉത്തര്‍പ്രദേശും രാജസ്ഥാനും ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിരിക്കുന്നത്.

തെലങ്കാനയില്‍ മാത്രം 8 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍, കര്‍ണ്ണാടക, എന്നീ സംസ്ഥാനങ്ങളില്‍ 3 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപെട്ടു. ഡല്‍ഹി, യുപി മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ 2 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, ലഡാക്ക്, ജമ്മു കാശ്മീര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും റിപ്പോര്‍ട്ട് ചെയ്യപെട്ടു. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ഇറ്റലിയിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇറ്റലിയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 475 പേരാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചൈനയില്‍ പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.