തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി പുതിയ നിയപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്കി. അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരമാണ് ഇന്ന് മുതല്‍ കേസെടുക്കുന്നത്.
കഴിഞ്ഞദിവസമാണ് പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഇത് പ്രാബല്യത്തില്‍ വന്നു. ഈ വകുപ്പ് പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ആളുകള്‍ പുറത്തിറങ്ങി സമ്പര്‍ക്കം കുറയ്ക്കാനാണ്. എന്നാല്‍ വലിയ തോതില്‍ പുറത്തിറങ്ങുന്ന നിലയുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തത്. ചെറിയ വകുപ്പ് പ്രകാരം ചിലര്‍ക്കെതിരെ കേസും എടുത്തിരുന്നു. ഇതുവരെ 22,338 കേസ് രജിസ്റ്റര്‍ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12,783 വാഹനം പിടിച്ചുവച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlight: Kerala Government amend the lockdown act to Epidemic Diseases Act