ലോക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പേമ ഖണ്ഡു ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. ലോക്ഡൗണ്‍ അവസാനിച്ച ശേഷവും ജനങ്ങൾ അധികമായി തെരുവിലേക്കിറങ്ങരുതെന്നും കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി ട്വീറ്റിലുണ്ടായിരുന്നു. എന്നാൽ ട്വീറ്റ് ചര്‍ച്ചയായതോടെ അദ്ദേഹം തന്നെ അത് ഡിലീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ലോക്ഡൗണ്‍ 15ന് അവസാനിക്കുമെന്നു പറയുന്നു. എല്ലാ സംസ്ഥാനങ്ങളും ലോക്ഡൗണിന് വലിയ പിന്തുണയാണ് തന്നതെന്നും പ്രധാനമന്ത്രി ഇതിൽ പറയുന്നുണ്ട്.
ലോക്ഡൗണിന് ശേഷവും കൊവിഡിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നാണ് പ്രധാനമന്ത്രി മന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയിൽ പറഞ്ഞത്. 21 ദിവസത്തെ ലോക്ഡൗണിനുശേഷം രാജ്യം പ്രവർത്തനം തുടങ്ങുമ്പോൾ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കൊപ്പമാണ് മോദി മുഖ്യമന്ത്രിമാരെ കണ്ടത്.
കോവിഡ് സ്ഥിരീകരിച്ചവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനെകുറിച്ചും അവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിക്കുന്നതിനെകുറിച്ചും ചർച്ച നടന്നു. ടെസ്റ്റ്, ട്രേസിങ്, ക്വാറൻ്റീൻ, ഐസലേഷന്‍ എന്നിവയിലായിരിക്കണം ഇനിയുള്ള മുൻഗണനയെന്നും അതിനായി ഓരോ സംസ്ഥാനങ്ങളും ജില്ലാതല നിരീക്ഷണ ഉദ്യോഗസ്ഥരെ എത്രയും വേഗം നിയമിക്കണമെന്നും അതുപോലെ തന്നെ ടെസ്റ്റിങ്ങിനായി അനുവദിച്ച ലാബുകളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റകള്‍ ജില്ലാ അടിസ്ഥാനത്തില്‍ തന്നെ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
content highlights: Arunachal CM prema khandu says lockdown will end on April14, then deletes tweet