കൊവിഡ് കാലത്ത് ഗുജറാത്തിൽ ഗോമൂത്രത്തിൻ്റെ ഉപഭോഗം പ്രതിദിനം 6000 ലിറ്ററായെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ വല്ലഭ് കതിരിയ. ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞ ഗോമൂത്രം ദഹനത്തിന് നല്ലതാണെന്നും രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുമെന്നും അതുകൊണ്ട് തന്നെ ആളുകളുടെ ആവശ്യം കൂടിവരികയാണെന്നും ബിജെപി നേതാവ് കൂടിയായ വല്ലഭ് പറയുന്നു. ഗുജറാത്തിൽ 4000 ഗോശാലകൾ ഉണ്ടെങ്കിലും അതിൽ 500 എണ്ണത്തിൽ നിന്ന് മാത്രമാണ് ഗോമൂത്രം ശേഖരിക്കുന്നത്. ആവശ്യക്കാർ കൂടി വരികയാണെങ്കിൽ കൂടുതൽ ഗോശാലകൾ ഇതിനായി ഉപയോഗിക്കുമെന്നും വല്ലഭ് പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ വെെറസിനെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരം വരെ ഡൽഹിയിൽ നടത്തിയിരുന്നു. എന്നാൽ ഡൽഹിയേയും കടത്തിവെട്ടിയിരിക്കുകയാണ് ഗുജറാത്ത്. ഗുജറാത്തിൽ ഗോമൂത്രത്തിന് ‘സാനിറ്റെെസർ’ എന്ന പേരും ഉണ്ട്. വൈറസ് അടക്കമുള്ള മുഴുവൻ രോഗാണുക്കളെയും അകറ്റാൻ ശേഷിയുള്ളതാണ് ഗോമൂത്ര സ്പ്രേ എന്നാണ് മുൻ അധ്യാപകനും ഗോരക്ഷാ പ്രവർത്തകനുമായ ലഭ്ഷങ്കർ രാജ്ഗോർ പറഞ്ഞിരുന്നത്. ഗോമൂത്രത്തിൽ നിന്നും ബോഡി സ്പ്രേ കണ്ടെത്തിയത് ഈ അധ്യാപകനാണ്.
content highlights: Thousands of litres of cow urine consumed in Gujarat daily