മുംബെെയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ്; രാജ്യം ആശങ്കയിൽ

After 26 Nurses, 3 Doctors Test Covid-19 Positive, Mumbai's Wockhardt Hospital Declared Containment Zone

മുംബെെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരടക്കം  53 ജീവനക്കാരാണ് സൌത്ത് മുംബെെയിലെ വൊക്കാഡെ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ഇവരിൽ 26 നഴ്സുമാർക്കും 3 ഡോക്ടർമാർക്കും കൊവിഡ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. എന്നാൽ ഇവിടെ ജോലി ചെയ്യുന്ന 46 നഴ്സുമാർക്കും രോഗം ബാധിച്ചിരിക്കാമെന്നാണ് അധികൃതർ പറയുന്നത്. 

ഇവിടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. രോഗം സ്ഥിരീകരിച്ച 26 പേരിലും മലയാളികളാണ് കൂടുതൽ. ഇവരെ തൽക്കാലം ആശുപത്രിയിൽ തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖല ആയി പ്രഖ്യാപിച്ചു. ആശുപത്രിയ്ക്ക് അകത്തേക്കൊ പുറത്തേക്കൊ ഇനി ആരെയും കടത്തി വിടില്ല.  ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടേക്ക് എത്തിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം രോഗം ഗുരുതരമായതിനെത്തുടർന്ന് ഒരു മലയാളി നഴ്സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നേരത്തേ തന്നെ ഇവിടുത്തെ 7 നഴ്സുമാരുടെ കൊവിഡ് ഫലം പോസിറ്റീവായിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് ഇത് സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. 

മുംബൈയിലെ ഈ ആശുപത്രിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ തേടിയെത്തിയ ഒരാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിച്ച നഴ്സുമാർക്കും മറ്റു ജീവനക്കാർക്കുമായി പത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. അവരിൽ നിന്നാണ് അൻപതിലേറെ പേർക്ക് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

content highlights: After 26 Nurses, 3 Doctors Test Covid-19 Positive, Mumbai’s Wockhardt Hospital Declared Containment Zone