പത്തനംതിട്ടയിൽ ലക്ഷണമില്ലാതിരുന്ന പെൺകുട്ടിക്ക് കൊവിഡ്; പഠിക്കാൻ പ്രത്യേക സംഘം

health department appoints special team to study coronavirus cases without symptoms

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.

മാർച്ച് 15 ന് ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടി 14 ദിവസം ക്വാറൻ്റെെനിൽ കഴിഞ്ഞിരുന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ അപ്പോഴും പെണ്‍കുട്ടിയില്‍ രോഗലക്ഷണം പ്രകടമായിരുന്നില്ല. നിസ്സാമുദ്ദീനില്‍ നിന്നാണ് പെണ്‍കുട്ടി ട്രെയിന്‍ കയറിയത് എന്ന കാരണത്താലാണ് കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. റിസൾട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷവും പെണ്‍കുട്ടിക്ക് കൊവിഡ് സമാനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട അടൂർ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊവിഡ് ബാധ ഉണ്ടായേക്കാമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്. തുടര്‍ന്നാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിക്കുന്നത്. 

content highlights: health department appoints special team to study coronavirus cases without symptoms