സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 9 പേർക്കും മലപ്പുറത്ത് രണ്ട് പേർക്കും കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് ആറ് പേർ വിദേശത്തിന്ന് വന്നവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് വെെറസ് പകർന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികൾ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ രോഗി വിദേശത്തുനിന്നു വന്നതാണ്. വിദേശരാജ്യങ്ങളിലായി 18 മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 327 ആയി. 266 പേർ ചികിത്സയിലാണ്. 1,52,804 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ കോവിഡ് രോഗികൾക്കായി 200 ഓളം കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. 1813 ഐസലേഷൻ ബെഡുകൾ ആശുപത്രികളിൽ തയാറാണ്. ഇതിനു പുറമേ 517 കൊറോണ കെയര്‍ സെൻ്ററുകളിൽ 17461 ഐസലേഷൻ ബെഡുകളും ഒരുക്കി. 38 കൊറോണ കെയർ ആശുപത്രികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഒന്നേകാൽ ലക്ഷം ബെഡുകൾ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ തയാറാണ്. 81.45 ശതമാനത്തിൽ അധികം പേർ സൗജന്യ റേഷൻ വാങ്ങി. ചുരുങ്ങിയ ദിവസത്തിൽ ഇത്രയും പേർക്ക് റേഷൻ നൽകുന്നത് ഇതാദ്യമാണെന്നും മന്ത്രി അറിയിച്ചു.
content highlights: CM Pinarayi Vijayan Press Meet on Covid 19