കേരളത്തില്‍ ലോക്ക് ഡൗണ്‍ നീളും; നിയന്ത്രണം പിന്‍വലിക്കുക മൂന്ന് ഘട്ടമായി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കേരളത്തില്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം അടങ്ങുന്ന റിപ്പോര്‍ട്ട് 17 അംഗ വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഓരോ ജില്ലകളിലെയും സാഹചര്യങ്ങള്‍ പഠിച്ച ശേഷം മാത്രമാകും ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കും. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും പരിഗണിക്കും. ഇതിന് ശേഷമാകും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരികരണം നടത്തിയിട്ടില്ല.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുക.

പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണം ഉണ്ടായാല്‍ കേരളത്തില്‍ ഏഴ് ജില്ലകളില്‍ നിയന്ത്രണം തുടരും. രോഗം വ്യാപിക്കുന്നതിന്റെ തോത് കുറഞ്ഞ ശേഷം മാത്രമാകും ഈ ജില്ലകളില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുക. കാസര്‍കോട് ജില്ലയിലെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുന്‍പേ വ്യക്തമാക്കിയിരുന്നു.

Content Highlight: Lock down may extent to some more days as to control Covid spread