തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍

കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ വിലക്ക് നീങ്ങിയില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അതിനാല്‍ വാഹനങ്ങളെ കടത്തിവിടാനാവില്ലെന്നുമാണ് കര്‍ണാടക പോലീസിന്റെ നിലപാട്. കൂടാതെ, കോവിഡ് ബാധിതരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെയോ മറ്റോ ഇവിടെ നിയമിച്ചിട്ടുമില്ല.

കേരളത്തില്‍നിന്ന് മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോവേണ്ട കോവിഡ് ബാധിതരല്ലാത്തവരെ വ്യവസ്ഥകള്‍ പ്രകാരം കടത്തിവിടുന്നതില്‍ ധാരണയായിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. ഇതിനായി അതിര്‍ത്തിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും മറ്റുമുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നീക്കവും ഇതുവരെയുണ്ടായിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

കേരള രജിസ്ട്രേഷനിലുള്ള ഒരു വാഹനത്തേയും ഇപ്പോള്‍ അതിര്‍ത്തി കടത്തിവിടുന്നില്ല. എന്നാല്‍ കര്‍ണാടക രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ പരിശോധന പോലുമില്ലാതെ അതിര്‍ത്തി കടക്കുന്നുമുണ്ട്. ഇവിടെ കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനാല്‍ അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കേരളം.

Content Highlight: Kerala-Karnataka Border issue does not come to an end