‘കോൺവലസെൻ്റ് പ്ലാസ്മ’ ചികിത്സ പരീക്ഷിക്കാനൊരുങ്ങി കേരളവും

kerala developing convalescent plasma therapy to fight covid 19

കൊവിഡ് രോഗമുക്തി ലഭിച്ചവരുടെ രക്തം രോഗിക്ക് നൽകുന്ന ‘കോൺവലസെൻ്റ് പ്ലാസ്മ’ ചികിത്സ പരീക്ഷിക്കാൻ കേരളവും തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നൽകി കഴിഞ്ഞു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിൽ ഈ ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്ലാസ്മ തെറാപ്പിക്ക് സർക്കാരും അനുമതി നൽകി കഴിഞ്ഞു. ഇനി ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

രോഗം ഭേദമായി 14 ദിവസം രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതും കോവിഡ് 19 പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്ത വ്യക്തിയിൽ നിന്നായിരിക്കും രക്തം സ്വീകരിക്കുക. കോവിഡ് രോഗമുക്തി നേടിയവരോട് രക്തദാനത്തിനു തയാറാണോ എന്ന് അനുവാദം മേടിച്ചതിനു ശേഷമായിരിക്കും രക്തം സ്വീകരിക്കുക. രക്തദാനത്തിനു മുന്നോടിയായി നടത്തുന്ന എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുകയും ചെയ്യും. അതീവഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു പ്ലാസ്മ നല്‍കിയാവും പരീക്ഷണം നടത്തുക. ഇത്തരത്തില്‍ ചികിത്സ നല്‍കിയവരുടെയും അല്ലാത്തവരുടെയും രോഗലക്ഷണങ്ങളും ഭേദമാകാന്‍ എടുത്ത സമയവും, വെൻ്റി  ലേറ്ററില്‍ കഴിഞ്ഞ സമയവും മറ്റും താരതമ്യപ്പെടുത്തി പഠനവും നടത്തും.

ശീതീകരണ സംവിധാനം ഉപയോഗിച്ചാവും പ്ലാസ്മ മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോകുക. ആരില്‍ നിന്നൊക്കെ രക്തം സ്വീകരിക്കാം, കൊടുക്കേണ്ട രോഗിയുടെ ഗുരുതരാവസ്ഥ നിര്‍ണയിക്കേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉണ്ട്. എന്നാൽ ഇത്തരം ചികിത്സ കോവിഡിനു ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. 918-ല്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചപ്പനി ചികിത്സിക്കാന്‍ അമേരിക്കയില്‍ ഈ രീതി പ്രയോഗിച്ചിരുന്നു. പോളിയോ, അഞ്ചാംപനി, മുണ്ടിനീര് എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കും ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. 

ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാകും ട്രയല്‍ നടപ്പാക്കുക. ശ്രീചിത്ര ആയിരിക്കും പ്രധാന കേന്ദ്രം. മറ്റ് അഞ്ചു മെഡിക്കല്‍ കോളജുകള്‍ക്കും ഇതിനുള്ള സൗകര്യമൊരുക്കും.

content highlights: kerala developing convalescent plasma therapy to fight covid 19