ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശം ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്ന് സൂചന. മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനം.
ജനജീവിതം പൂര്‍ണ്ണമായി സ്തംഭിക്കാതെയുള്ള നയമാകും പ്രഖ്യാപിക്കുകയെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി ഇന്നോ നാളയോ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. ലോക്ക് ഡൗണ്‍ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനായി വ്യവസായ മേഖലകള്‍ ഭാഗികമായി തുറക്കും എന്നാണ് സൂചന. കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്കും അവസരം നല്‍കിയേക്കും.
തീവണ്ടി,വിമാന സര്‍വ്വീസുകള്‍ അനുവദിക്കില്ലെങ്കിലും രോഗനിയന്ത്രിത മേഖലകളില്‍ നിയന്ത്രിത ബസ് സര്‍വ്വീസിന് അനുമതി നല്‍കിയേക്കും കേന്ദ്രമന്ത്രിമാരുടെയും, ജോയിന്റ് സെക്രട്ടറിമാരുടെയും ഓഫീസുകളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും.
Content Highlight: Lock Down extension decision may come today