പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ വീട്ടിൽ അടച്ച് പൂട്ടിയിരിക്കുന്ന സാധാരണക്കാരന്‍റെ ഉപജീവനം കൂടി ഉറപ്പ് വരുത്തണമെന്ന് മന്ത്രി പറഞ്ഞു.
പാവപ്പെട്ടവന് വേണ്ടത് പണമാണ്. അത് എത്തിക്കാനുള്ള നടപടികൾ ഉണ്ടാകണം. സാധാരണക്കാരുടെ ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ലോക് ഡൗണില്‍ കിടക്കുന്ന ജനതയ്ക്ക് ഭക്ഷണവും പണവുമെത്തിക്കണം. സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാനുള്ള പരിശ്രമങ്ങൾ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. റിസർവ് ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴും രാജ്യത്ത് രോഗികളുടെ എണ്ണം നാലു ദിവസം കൂടുമ്പോള്‍ വർധിക്കുന്ന സ്ഥിതിയുണ്ട്. അതിനുള്ള ഒരു മാര്‍ഗമാണ് ലോക്ക് ഡൗണ്‍. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. ടെസ്റ്റിംഗ് കൂടി വേണം. അതേസമയം കേരളത്തിലെ ഇളവുകളെ സംബന്ധിച്ച് നാളെ ചേരുന്ന കാബിനറ്റ് യോഗത്തിലാവും തീരുമാനം എടുക്കുകയെന്നും മന്ത്രി അറിയിച്ചു.
content highlights: Thomas Isaac against PM lockdown statement