കോട്ടയത്തും കിയോസ്ക് സംവിധാനം; രണ്ട് മിനിറ്റിനുള്ളിൽ സാംപിൾ ശേഖരിക്കാം

കോട്ടയം: കൊവിഡ്-19 പരിശോധനാ സാംപിള്‍ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്‌ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളില്‍ സാംപിള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടാകുന്ന പക്ഷം കൂടുതല്‍ പേരില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ സ്രവം ശേഖരിക്കാന്‍ കിയോസ്‌ക് ഉപകരിക്കും. പിപിഇ കിറ്റിന്റെ ലഭ്യതക്കുറവിനും ഇത് ധരിക്കുന്നതിന് വേണ്ടിവരുന്ന സമയനഷ്ടത്തിനും ഉപയോഗിക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാണ് പുതിയ സംവിധാനം.

കിയോസ്‌കില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. പുറത്തുനിന്ന് അകത്തേക്കോ അകത്തുനിന്ന് പുറത്തേക്ക് വായു കടക്കില്ല. നാലടി നീളവും മൂന്നടി വീതിയും ഏഴ് അടി ഉയരവുമുള്ള കിയോസ്‌ക് അലുമിനിയം, മൈക്ക, ഗ്ലാസ് എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. എക്‌സ്‌ഹോസ്റ്റ് ഫാനും ലൈറ്റും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.

മുഖാവരണവും കൈയുറയും മാത്രം ധരിച്ച് കിയോസ്‌കിനുള്ളില്‍ പ്രവേശിക്കുന്നയാള്‍ മുന്നിലെ ഗ്ലാസ് ബോര്‍ഡില്‍ ഘടിപ്പിച്ചിട്ടുള്ള ഗ്ലൗസിലൂടെ കൈകള്‍ കടത്തിയാണ് പുറത്തിരിക്കുന്നയാളുടെ സാംപിള്‍ ശേഖരിക്കുന്നത്. സാംപിള്‍ നല്‍കാനെത്തുന്നയാള്‍ തന്നെയാണ് ശേഖരിക്കുന്നതിനുള്ള വൈറല്‍ മീഡിയം അടങ്ങിയ ട്യൂബ് പിടിക്കുക. ശേഖരിക്കുന്ന സാംപിള്‍ ട്യൂബിലാക്കി നല്‍കുമ്പോള്‍ ട്യൂബ് അടച്ച് സമീപത്തെ സ്റ്റാന്‍ഡില്‍ വച്ചശേഷം മടങ്ങാം. ഓരോ തവണ സാമ്പിള്‍ ശേഖരിച്ചശേഷവും കിയോസ്‌കിന്റെ ഉള്‍വശവും പുറത്തെ കൈയുറയും സാംപിള്‍ നല്‍കുന്നവര്‍ ഇരിക്കുന്ന കസേരയും അണുവിമുക്തമാക്കും.

Content Highlight: Kiosk Facility of Covid sampling started in Kottayam too