ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതോടെ മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന കമ്പനികള്‍. മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നാണ് കമ്പനികളുടെ വാഗ്ദാനം. ഇതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം നഷ്ടമാകും. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഒട്ടുമിക്ക സ്വകാര്യ വിമാന കമ്പനികളും ഏപ്രില്‍ 15 മുതല്‍ ബുക്കിംഗുകള്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍, ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നീളുന്നതോടെ രാജ്യത്തെ വിമാന കമ്പനികളും ഗുരുതര പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ 6000 കോടി രൂപ ഇപ്പോള്‍ വിമാനകമ്പനികളുടെ കൈവശമുണ്ട്. സര്‍വ്വീസുകള്‍ റദ്ദായതിനാല്‍ ടിക്കറ്റെടുത്തവര്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ടിക്കറ്റ് മറ്റൊരു തിയതിയിലേക്ക് മാറ്റി നല്‍കാമെന്ന് നിലപാട് വിമാന കമ്പനികള്‍ സ്വീകരിച്ചത്.
Content Highlight: Airline companies refused to give back the ticket booking amount