ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്ന് കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത്. ഉപാധികളോടെയാവും ഇളവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും. മുംബൈയിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

അതിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ 10,815 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബംഗളൂരുവില്‍ 38 കോവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Content Highlight: Central Government publish renewed instructions on Lock Down Today