ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണം; വിമാന കമ്പനികളോടു കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്രയ്ക്കായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം മുഴുവന്‍ തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിമാനക്കന്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കാന്‍ നിര്‍ദേശമൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ യാത്രകള്‍ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ വ്യോമയാന കമ്പനികളോട് ആവശ്യപ്പെട്ടത്. സമാന കാലയളവില്‍ ബുക്ക് ചെയ്ത ആഭ്യന്തര വിമാനയാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

രണ്ടാം ലോക്ക്ഡൗണ്‍ (ഏപ്രില്‍ 15-മേയ് 3) കാലയളവിലെ യാത്രകള്‍ക്കായി ഒന്നാം ലോക്ക്ഡൗണ്‍ (മാര്‍ച്ച് 25-ഏപ്രില്‍ 14) കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണവും കമ്പനികള്‍ തിരിച്ചുനല്‍കേണ്ടിവരും. കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുതെന്നും ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നല്‍കി മൂന്നാഴ്ചക്കകം പണം റീഫണ്ട് ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ലോക്ഡൗണിനു ശേഷമുള്ള പ്രവര്‍ത്തനത്തെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് സ്വകാര്യ വിമാനക്കമ്പനി മേധാവിമാരുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം കൂടിക്കാഴ്ച നടത്തിയത്. വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലായിരുന്നു കൂടിക്കാഴ്ച. എയര്‍ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികള്‍ ഈ മാസം 14-നു ശേഷമുള്ള ബുക്കിംഗ് കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. ലോക്ഡൗണില്‍ റദ്ദാകുന്ന ടിക്കറ്റുകള്‍ക്കു തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തീയതിയില്‍ യാത്ര അനുവദിക്കുമെന്നുമാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

Content Highlight: Center to airline companies to return the ticket amount