സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; മെയ് മൂന്ന് വരെ പൊതുനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ – 4, കോഴിക്കോട് -2, കാസര്‍കോഡ്- 1 എന്നിവിടങ്ങളിലാണ് രോഗബാധ. കേന്ദ്രം ലോക്ക് ഡൗണിന്റെ ഭാഗമായി നിര്‍ദ്ദേശിച്ച പൊതുനിയന്ത്രണങ്ങള്‍ മെയ് 3 വരെ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീവ്ര ബാധിത ജില്ലകളായ കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് ഇളവില്ല.

ഇന്ന് രോഗം ബാധിച്ചവരില്‍ 5 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. 2 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഇന്ന് 27 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോഡ് – 24, എറണാകുളം-1, മലപ്പുറം-1, കണ്ണൂര്‍ – 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ സംസ്ഥാനത്ത് 394 പേര്‍ക്കാണ് രോഗം പിടിപെട്ടത്. നിലവില്‍ 147 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 88855 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും കഴിയുന്നു. രോഗലക്ഷണങ്ങളോടെ 108 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 16459 ഫലങ്ങള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രത്യേക വിമാനം 268 യാത്രക്കാരുമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര പോയി. ഇവരില്‍ കോവിഡ് ഭേദപ്പെട്ട 7 വിദേശ പൗരന്‍മാരുണ്ടായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ നേട്ടമാണിത്. കേരളത്തിന് നന്ദിയറിയിച്ചാണ് എല്ലാവരും യാത്രയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെയ് 3 വരെ കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള പൊതുനിയന്ത്രണങ്ങള്‍ പൂര്‍ണമായും സംസ്ഥാനം അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യും. റെഡ് സോണിലു ളള കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് ഇളവില്ല. കേന്ദ്രത്തിന്റെ അനുമതിയോടെ നാലിടത്തും ലോക്ക്ഡൗണ്‍ ഇളവില്ലാതെ കര്‍ശനമായി തുടരും.

Content Highlight: 7 Covid cases confirmed today in Kerala