കൊച്ചി: മില്‍മ കാലിത്തീറ്റ കൃത്യമായി ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മില്‍മ ചെയര്മാന് പി എ ബാലന് മാസ്റ്റര്‍ വ്യക്തമാക്കി. കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ പരിത്തിപ്പിണ്ണാക്ക്, തവിട്, ചോളം, തേങ്ങാപ്പിണ്ണാക്ക് തുടങ്ങിയ എല്ലാ അസംസ്കൃത വസ്തുക്കളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് വാങ്ങുന്നത്. ലോക് ഡൗണ്‍ മൂലം ലോറി ഗതാഗതം തടസപ്പെട്ടതിനാല്‍ അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകുന്നതിന് താമസം നേരിട്ടതാണ്, ക്ഷീര സംഘങ്ങള്‍ വഴി കാലിത്തീറ്റ എത്തിക്കുന്നതിന് താമസം നേരിട്ടത്. ഇപ്പോള്‍ അസംസ്കൃത വസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമായതിനാല്‍ പട്ടണക്കാട്ട് കാലിത്തീറ്റ ഫാക്ടറിയില്‍ മൂന്ന് ഷിഫ്റ്റില്‍ പ്രതിദിനം 300 ടണ്‍ വീതം കാലിത്തീറ്റ ഉല്പാദനം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മലമ്പുഴയിലും അടുത്ത ദിവസം മുതല്‍ മൂന്ന് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നതോടെ 600 ടണ്‍ മില്‍മ കാലിത്തീറ്റ ഉല്പാദിക്കുവാന് സാധിക്കുമെന്നും പി എ ബാലന് മാസ്റ്റര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയോ, ബാങ്ക് വഴിയോ മുന്‍കൂട്ടി പൈസ അടക്കുന്നവര്‍ക്കും, മേഖലാ യൂനിയന്‍ വഴി ആവശ്യപ്പെടുന്നവര്‍ക്കും ഉടനെ മില്‍മ കാലിത്തീറ്റ ക്ഷീര സംഘങ്ങളില്‍ എത്തിക്കും. അഡ്വാന്‍സായി പണം അടക്കുന്ന സംഘങ്ങള്‍ക്ക് ഒരു ചാക്ക് കാലിത്തീറ്റ 10 രൂപ വീതം അധിക കമ്മീഷന് നല്‍കും. ലോക് ഡൗണ്‍ മൂലം എല്ലാ മേഖലകളിലും പ്രവര്‍ത്തനം തടസ്സപ്പെടുകയും ഉല്പാദനം തടസ്സപ്പെടുകയും ചെയ്തപ്പോഴും ക്ഷീര മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ ക്ഷീര കര്‍ഷകര്‍ ഉല്പാദിക്കുന്ന പാല് മുഴുവന്‍ ക്ഷീര സംഘങ്ങള്‍ വഴി മില്‍മ സംഭരിക്കുകയും കൃത്യമായ പാല് വില നല്‍കുകയും ചെയുന്നത്.
അതുപോലെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഏജന്റുമാര്‍ വഴി കൃത്യമായി പാല് എത്തിച്ചു കൊടുക്കുന്നുണ്ട്. കൊറോണ വൈറസ് ഭീതിയെപ്പോലും അവഗണിച്ചുകൊണ്ട് എല്ലാവിധ സുരക്ഷാ മുന്‍കരുതലുമെടുത്ത് ഈ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ക്ഷീരസംഘം ജീവനക്കാര്‍, ക്ഷീര കര്‍ഷകര്‍, മില്‍മയിലെയും, മേഖലാ യൂണിയനിലെയും മുഴുവന്‍ ജീവനക്കാര്‍, മില്‍മ ഏജന്റ്റ്മാര്‍, മില്‍ക്ക് വണ്ടി ഓടുന്ന വിവിധ വാഹനങ്ങളിലെ ഡ്രൈവര്‍മാരടക്കമുള്ള ജീവനക്കാര്‍ തുടങ്ങിയ എല്ലാപേരെയും അഭിനന്ദിക്കുന്നതായും മില്‍മ ചെയര്മാന് പറഞ്ഞു.
Content Highlight: Milma to help milk producers on this lock down