‘ഹയര്‍ സെക്കണ്ടറി അനുവദിക്കാന്‍ പണം വാങ്ങി’; കെ. എം. ഷാജിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. 25 ലക്ഷം രൂപ കൈപ്പറ്റി എന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത്.

പരാതിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്റെ പരാതിയിലാണ് നടപടി. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നും പദ്മനാഭന്റെ പരാതിയിലുണ്ട്. ലീഗ് എംഎല്‍എയ്‌ക്കെതിരെ ആദ്യം ആരോപണമുയര്‍ത്തിയത് പ്രാദേശിക ലീഗ് നേതൃത്വമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളും പറയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ആരോപണം നിഷേധിച്ച കെഎം ഷാജി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതെന്നാണ് പ്രതികരിച്ചത്. 2017 ല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം.

Content Highlight: Vigilance questions K M Shaji MLA on corruption case