പരസ്യ പ്രചാരണം ഒഴിവാക്കാമായിരുന്നു; ഐസക്കിനെതിരെ തിരിഞ്ഞ് സിപിഎം നേതൃത്വം

തിരുവനന്തപുരം: കെഎസ്എഫ്ഇ സ്ഥാപനങ്ങളിലെ ക്രമക്കേട് ചൂണ്ടികാട്ടി വിജിലന്‍സ് നടത്തിയ റെയ്ഡിനെതിരെ പരസ്യ പ്രചാരണം നടത്തിയതിന്റെ പേരില്‍ വെട്ടിലായി ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് പരിശോധന സംബന്ധിച്ച ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടതായി സിപിഎം നേതൃത്വം ധനമന്ത്രിയുടെ പേര് വിശദമാക്കാതെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഒരു സാധാരണ പരിശോധന മാത്രമായിരുന്നു കെഎസ്എഫ്ഇയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടി കാട്ടിയിരുന്ന സാഹചര്യത്തില്‍ പരസ്യ പ്രസ്താവനയുടെ ആവശ്യമില്ലായിരുന്നെന്നും സ്ംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നതായും നേതൃത്വം വ്യക്തമാക്കി.

പ്രസ്താവനയുടെ പൂര്‍ണരൂപം

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഐ (എം)ലും സര്‍ക്കാരിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്എഫ്ഇ യില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. അതു കൊണ്ടു കൂടിയാണ് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്, എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്. പാര്‍ടിയും, എല്‍.ഡി.എഫും ഒറ്റക്കെട്ടാണെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. അതാണ് ഇപ്പോഴത്തെ പ്രചാരവേലകളില്‍ പ്രതിഫലിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണ്.

കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.

Content Highlight: CPM against Thomas Isaac on KSFE Vigilance Raid