‘ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായി ഉത്തരം നല്‍കിയില്ല’ ധനമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ്

Ramesh Chennithala

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് വിട്ട സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് കൃത്യമായി മറുപടി നല്‍കിയില്ലെന്ന് രമേശ് ചെന്നിത്തല. സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവകരമാണെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കൃത്യമായി മറുപടി നല്‍കാത്തതിനാല്‍ അദ്ദേഹം രാജിവെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ സംസ്ഥാന നിയമസഭയോട് ജിഎജി അനാദരവ് കാണിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്ബി വരില്ലെന്നും ബോഡി കോര്‍പ്പറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു. ഭരണഘടന പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് എം സ്വരാജ് മറുപടി നല്‍കി. സിഎജിയുടെ നാണംകെട്ട കളിയ്ക്ക് ഒപ്പം നില്‍ക്കുകയാണ് യുഡിഎഫെന്നും സ്വരാജ് കുറ്റപ്പെടുത്തി.

സിഎജിയുടെ കണ്ടെത്തല്‍ സംസ്ഥാനത്ത് ഗുരുതരമായ ഭരണഘടന പ്രതിസന്ധിയുണ്ടാക്കിയതിനാലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും മന്ത്രി നീതി പൂര്‍വ്വമായ മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമായതിനാലാണ് സഭയില്‍ നിന്ന് ഇറങ്ങി പോന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുന്നതിന് മുമ്പേ ചോര്‍ത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പരാതിയിന്മേലുള്ള തുടര്‍ നടപടി അവസാനിപ്പിക്കണമെന്ന ശുപാര്‍ശയോടെയായിരുന്നു റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത്.

Content Highlights: Ramesh Chennithala allegation against Finance Minister Thomas Isaac