കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

ED case registered against kiifb-Thomas Isaac responds

കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സംഭവത്തില്‍ ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പ്രതികരിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇ.ഡി. ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. 

കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. വ്യക്തമാക്കിയത്. കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികള്‍ക്കും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി.സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ മസാലബോണ്ടിലും കിഫ്ബി ഇടപാടുകളിലും ഇ.ഡി. പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. റിസര്‍വ് ബാങ്കുമായി ഇതുസംബന്ധിച്ച സംശയനിവാരണങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

content highlights: ED case registered against kiifb-Thomas Isaac responds