സിഎജി റിപ്പോർട്ട്; ധനമന്ത്രിക്ക് എത്തിക്സ് കമ്മറ്റിയുടെ ക്ലീൻചീട്ട്, സിഎജിക്ക് രൂക്ഷ വിമർശനം

Ethics Committee report gives clean chit to finance minister

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിൻ്റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിക്ക് എത്തിക്സ് കമ്മറ്റിയുടെ ക്ലീൻചീട്ട്. പരാതിയിൽമേലുള്ള തുടർനടപടി അവസാനിപ്പിക്കണമെന്ന ശുപാർശയോടെ റിപ്പോർട്ട് നിയമസഭയിൽ വെച്ചു. എത്തിക്സ് കമ്മറ്റി സിഎജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സർക്കാരിൻ്റെ വാദം കേൾക്കാതെ റിപ്പോർട്ട് തയ്യാറാക്കിയെന്ന സിഎജിക്കെതിരായ ഐസക്കിൻ്റെ പരാതി ഗൌരവമേറിയതാണെന്നും എത്തിക്സ് കമ്മറ്റി വിലയിരുത്തി. ഒപ്പം അസാധാരണ സാഹചര്യത്തിലാണ് പരാമർശങ്ങൾ നടത്താൻ നിർബന്ധിതനായതെന്ന ധനമന്ത്രിയുടെ വാദം കമ്മിറ്റി അംഗീകരിച്ചു. 

നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. വി.ഡി. സതീശനാണ് പ്രതിപക്ഷത്തിനെതിരെ അവകാശ ലംഘന പരാതി നൽകിയത്. എ. പ്രദീപ്കുമാർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി ഐസക്കിനേയും സതീശനേയും വിളിച്ച് വരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഭരണപക്ഷാംഗങ്ങൾ ഭൂരിപക്ഷമുള്ള കമ്മിറ്റി ഐസക്കിൻ്റെ വാദങ്ങളാണ് അംഗീകരിച്ചത്. സർക്കാരിൻ്റെ വാദം കേൾക്കാതെ സിഎജി റിപ്പോർട്ടിൽ ചില കൂട്ടിചേർക്കലുകൾ വരുത്തിയെന്നും ഇത് ഗുരുതര ചട്ടലംഘനമാണെന്നും അതുകൊണ്ടാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്നുമായിരുന്നു ഐസക്കിൻ്റെ വിശദീകരണം.

content highlights: Ethics Committee report gives clean chit to finance minister