കൊച്ചി: കോവിഡ് 19 ബാധിതരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണന് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും.
സ്പ്രിങ്ക്ളര്‍ ഇടപാടില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേസില്‍ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിങ്ക്ളറില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇടക്കാല ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപാടിനെതിരേ പരസ്യ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവരശേഖരണത്തിലൂടെ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളര്‍ 200 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്ക ണമെന്നാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയാണ് വിവാദത്തിലായത്.
Content Highlight: Springler Scam under High Court