തൊടുപുഴ: ഒരു മാസത്തെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സജീവമാകും. 2 ജില്ലകളിലും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്കി.
കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്കുള്ളില്‍ യാത്രയ്ക്ക് പാസ് വേണ്ട. സത്യവാങ്മൂലവും വേണ്ട. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ജില്ലയില്‍ യാത്ര ചെയ്യാം.
ഇടുക്കി ജില്ലയിലും എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ഓട്ടോ, ടാക്സി ഓടാം. വാഹനങ്ങളില്‍ മാസ്കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. സംസ്ഥാന അതിര്‍ത്തിയിലെ 28 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
ഹോട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. അയല്‍ ജില്ലകളില്‍ നിന്ന് കോട്ടയത്ത് എത്തുന്നവര്‍ താമസിച്ചു ജോലി ചെയ്യേണ്ടി വരും. ജില്ലയ്ക്കകത്തെ പൊലീസ് പരിശോധന കുറയ്ക്കും.
അതേസമയം, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കണം. ഇളവുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണെന്നും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയാല്‍ ഇവ വെട്ടിച്ചുരുക്കുന്നതും ആലോചിക്കുമെന്നു കലക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. കോട്ടയത്ത് മന്ത്രി പി. തിലോത്തമന്റെയും ഇടുക്കിയില്‍ മന്ത്രി എം.എം. മണിയുടെയും സാന്നിധ്യത്തിലായിരുന്നു അവലോകന യോഗങ്ങള്‍.
Content Highlight: Idukki, Kottayam districts back to normal from Tuesday after Lock down