ജമ്മു കശ്മീര്‍: സമൂഹമാധ്യമങ്ങളില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ യുഎപിഎ ചുമത്തി. കശ്മീരിലെ വനിതാ ഫോട്ടോ ജേണലിസ്റ്റായ മസ്രത്ത് സഹ്റയ്ക്കെതിരെയാണ് ശ്രീനഗറിലെ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. യു.എ.പി.എയുടെ സെക്ഷന്‍ 13 ഉം ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 505 ഉം ആണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് തിങ്കളാഴ്ച പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍, തന്റെ നേര്‍ക്കുള്ള കേസ് വസ്തുത വിരുദ്ധമാണെന്നും തന്നെ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് കേസിന്റെ ലക്ഷ്യമെന്നും സഹ്റ സുഹൃത്തുക്കളോട് പ്രതികരിച്ചു. ഒട്ടേറെ സുഹൃത്തുക്കളും സഹ്റക്ക് പിന്തുണയറിയിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.
‘മസ്രത്ത് സഹ്റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പൊതുസമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം കിട്ടി,’ എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. മസ്രത്ത് സഹ്റ സമൂഹത്തില്‍ അസ്വാരസ്യം ഉണ്ടാക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നതായും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെ ന്യായികരിക്കുന്ന പോസ്റ്റുകള്‍ ഇടുന്നതായും പൊലീസ് ആരോപണം ഉയര്‍ത്തുന്നുണ്ട്.
26 കാരിയായ സഹ്റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റാണ്. വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ, കാരവന് തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlight: UAPA file against Masrat Sahra photojournalist from Kashmir