ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,601 ആയി. ഇതുവരെ 590 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. 3,252 പേര് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത് കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐ.സി.എം.ആര് വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നുവെന്നും മന്ത്രാലയം പറയുന്നു.
ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.കൊവിഡിന് ലഭ്യമായ ഏക മരുന്ന് സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.
രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 4666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2081 പേര്‍ക്കും, ഗുജറാത്തില്‍ 1851 പേര്‍ക്കും, മധ്യപ്രദേശില്‍ 1485 പേര്‍ക്കും, രാജസ്ഥാനില്‍ 1576 പേര്‍ക്കും തമിഴ്നാട്ടില്‍ 1477 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 1184 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 552 പേര്‍ക്കും ഗുജറാത്തില്‍ 247 പേര്‍ക്കുമാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാവുന്ന അവസ്ഥയാണ് ഗുജറാത്തിലുള്ളത്.
Content Highlight: Covid cases increased number to 18,601 in India