സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ പത്ത് പേർക്കും കാസര്‍കോട് മൂന്ന് പേർക്കും പാലക്കാട് നാലുപേർക്കും മലപ്പുറം കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്കു സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ്. അതേ സമയം 16 പേർക്ക് ഇന്ന് രോഗം ഭേദമായി. കണ്ണൂർ 7 പേർക്കും കാസർകോട് 4 പേർക്കും കോഴിക്കോട് 4 പേർക്കും, തിരുവനന്തപുരം ഒരാൾക്കുമാണ് രോഗം ഭേദമായത്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര് ചികിൽസയിലുണ്ട്. 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്ന് കണ്ടെത്തി. ഇപ്പോൾ കൂടുതൽ കോവിഡ് രോഗികളുള്ളത് കണ്ണൂരിലാണ്. 53 പേരാണ് ഇപ്പോൾ കണ്ണൂർ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. ഒരു വീട്ടിൽ സമ്പർക്കം വഴി 10 പേർക്ക് രോഗം വന്നു. രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോൺടാക്ടുകളിലുള്ള മുഴുവൻ പേരുടെയും സാംപിൾ പരിശോധിക്കും.
content highlights: CM Pinarayi Vijayan’s press meet