ന്യൂഡല്‍ഹി: കച്ചവടക്കാരന് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ആസാദ് പൂര് മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ചൊവ്വാഴ്ച പയര്‍, ചക്ക കച്ചവടക്കാരനായ 57 കാരന് വൈറസ് ബാധിച്ച് മരിച്ചതോടെയാണ് പഴം, പച്ചക്കറി മൊത്ത കച്ചവട കേന്ദ്രമായ മാര്‍ക്കറ്റ് അടച്ചിടണമെന്ന ആവശ്യമായി വ്യാപാരികള്‍ രംഗത്തുവന്നത്. സമാനരീതിയില്‍ ഒന്നിലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതില്‍ അവര്‍ ആശങ്കയിലാണ്.
കോവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ മാര്‍ക്കറ്റില്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. മാര്‍ക്കറ്റ് താല്കാലികമായി അടച്ചുപൂട്ടണം. ജാപ്പനീസ് പാര്‍ക്ക് അടക്കം മൈതാനങ്ങളില്‍ സമൂഹിക അകലവും മുന്‍കരുതലും പാലിച്ച് കച്ചവടം നടത്താന്‍ തയാറാണെന്ന് വ്യാപാരിയായ അനില്‍ മല്‍ഹോത്ര വ്യക്തമാക്കി.
രോഗലക്ഷണത്തെ തുടര്‍ന്ന് ഏപ്രില്‍ 17നാണ് മജ് ലിസ് പാര്‍ക്ക് താമസക്കാരനായ വ്യാപാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 19ന് സ്രവം ശേഖരിച്ച് കോവിഡ് നിര്‍ണയ പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. വ്യാപാര പങ്കാളി അടക്കം നിരവധി പേര് ഇദ്ദേഹവുമായി ഇടപഴകിയിരുന്നതായും ജില്ലാ മജിസ്ട്രേറ്റ് ദീപക് ഷിന്‍ഡെ അറിയിച്ചു.
ഷാലിമാര്‍ മാര്‍ഗിലെ ഉത്തര്‍പ്രദേശ് സ്വദേശികളായ തക്കാളി വ്യപാരിക്കും ക്വാളിഫ്ളവര്‍ വ്യാപാരിക്കും വൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു വരികയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്ത കച്ചവട കേന്ദ്രമാണ് ഡല്‍ഹിയിലെ ആസാദ് പൂര് മാര്‍ക്കറ്റ്.
Content Highlight: Covid confirmed on a merchant from Delhi Azadpur Market