മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 5,500 കടന്നു; ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5500 കടന്നു. മരണസംഖ്യ 269 ആയി. ഇന്നലെ സംസ്ഥാനത്ത് 431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ ഭാട്ടിയ ആശുപത്രിയില്‍ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം തുടരുന്നു ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 189 ആയി ഉയര്‍ന്നു.

മുംബൈയിലും പൂനെയിലുമാണ് സംസ്ഥാനത്ത് കൊവിഡ് മരണം ഉണ്ടായത്. പുതുതായി 18 മരണവും, 431 പോസിറ്റീവ് കേസുകളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 269 ഉം രോഗബാധിതരുടെ എണ്ണം 5,649 മായി. 789 പേര്‍ ഇതുവരെ രോഗം മുക്തരായി ആശുപത്രിവിട്ടു. മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 3600 നോട് അടുത്തു.

പൂനെയില്‍ 716 പേര്‍ക്കും, താനെയില്‍ 447 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുംബൈ ഭാട്ടിയ ആശുപത്രിയില്‍ ഒരു ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയില്‍ 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 189 ആയി. ധാരാവിയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

Content Highlight: Covid confirmed cases exceeds 5,500 in Maharashtra