തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ യുഎസ് കമ്പനിയായ സ്പ്രിംക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ കൈമാറ്റ കരാറില്‍ സഖ്യകക്ഷിയായ സിപിഐക്കു കടുത്ത അതൃപ്തി. കരാറില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ടറിയിച്ചു. എകെജി സെന്റിലെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച. കരാറില്‍ അവ്യക്ത ഉണ്ടെന്നു കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞു.
ഡാറ്റാ സ്പ്രിംക്ലറിനെ ഏല്‍പ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് സിപിഐ പ്രകടിപ്പിക്കുന്നത്. വിഷയത്തില്‍ പരസ്യ പ്രതികരണം ഉണ്ടായില്ലെങ്കിലും അതൃപ്തി കടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇന്നലെ രാവിലെ സിപിഐ ആസ്ഥാനത്തെത്തിയിരുന്നു.
കരാര്‍ സാഹചര്യങ്ങളെല്ലാം തന്നെ ഐടി സെക്രട്ടറി വിശദീകരിച്ചെങ്കിലും ഇക്കാര്യത്തിലുള്ള സിപിഐയുടെ അതൃപ്തി തുടരുകയാണ്. എന്ത് കൊണ്ട് മന്ത്രിസഭ കരാര്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന നിര്‍ണ്ണായക ചോദ്യമാണ് കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്നത്. നിയമ നടപടികള്‍ അമേരിക്കയിലാക്കിയതിലും സിപിഐക്ക് അതൃപ്തിയുണ്ട്.
Content Highlight: CPI shows their dis interest in Springler scam