വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി. ബാള്‍ട്ടിമോര്‍ ആസ്ഥാനമായ യൂനിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 8,48,994 പേര്‍ രോഗബാധിതരാണ്. ലോകത്തെ നാലിലൊന്ന് കോവിഡ് ബാധിതരുള്ളത് യു.എസിലാണ്. ആകെ മരണം 47,676 ആയി.
അതേമസയം, യു.എസില്‍ വര്‍ഷാവസാനത്തോടെ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശൈത്യകാലത്ത് പകര്‍ച്ചവ്യാധി പടരുന്ന സമയത്ത് കോവിഡിന്റെ വ്യാപനംകൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതാവുമെന്ന് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു.
വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷാനടപടികള്‍ 60 ദിവസത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കൂടാതെ വൈറസ് പ്രതിരോധത്തിനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുമായി ധനസഹായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,637,673 ആയി ഉയര്‍ന്നു. വൈറസ് ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി 184,217 പേരാണ് ഇതുവരെ മരിച്ചത്. 7,17,625 പേര്‍ രോഗമുക്തി നേടി. ലോകത്താകെ റിപ്പേര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ 80 ശതമാനവും യു.എസിലും യൂറോപ്പിലുമാണ്. സ്‌പെയിന്‍ 2,08,389, ഇറ്റലി 1,87,327, ഫ്രാന്‍സ് 1,59,877, ജര്‍മ്മനി 1,50,648, യു.കെ 150,648 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ കണക്കുകള്‍.
Content Highlight: Covid death toll exceeds over 47000 in US