കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആശങ്കപെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍ നിന്ന് സമൂഹവ്യാപനത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. സിംഗപൂരിലൊക്കെ ലോക്ക്ഡൗണ്‍ നീക്കിയ ശേഷം വന്‍തോതില്‍ രോഗബാധ തിരിച്ചുവരികയും സമൂഹവ്യാപനത്തിലേക്ക് പോകുകയും ചെയ്തു. അതുകൊണ്ട് നാം ഒറ്റക്കെട്ടായി ഉണര്‍ന്നുതന്നെ ഇരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം കണ്ടാല്‍ അവരെ ഐസൊലേറ്റ് ചെയ്ത് പരിശോധിച്ച് ഭേദമാക്കിയിട്ടേ വീട്ടിലേക്ക് വിടൂ. ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ സൗകര്യങ്ങളോടെ മാത്രമേ ഡ്യൂട്ടിയില്‍ ചെല്ലാവൂവെന്നും മന്ത്രി പറഞ്ഞു.
കേരളം കൊവിഡ് പരിശോധന നടത്തുന്നതില്‍ അലംഭാവം കാണിച്ചിട്ടില്ലെന്നും എന്നാല്‍ പരിശോധനാ കിറ്റുകളുടെ ക്ഷാമം ഇവിടെയും ഉണ്ടെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റ് കിറ്റുകള്‍ തീര്‍ന്നുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളുമായി ഇടപഴകിയവര്‍, രോഗബാധിത മേഖലകളില്‍ നിന്ന് വരുന്നവര്‍ എന്നിവര്‍ക്കും റാന്‍ഡം ടെസ്റ്റിങ്ങിനും ആണ് പരിശോധനാ കിറ്റുകള്‍ ഉപയോഗിച്ചത്. അവശ്യ സന്ദര്‍ഭങ്ങളില്‍ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുതിനായിരുന്നു ഇങ്ങനെ ചെയ്തത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ തകരാറുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് അത് ചെയ്യാതിരുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. കാലതാമസം ഉണ്ടാകുമെങ്കിലും പിസിആര്‍ കിറ്റുകളാണ് ഫലപ്രദം. കഴിയുന്നത്ര കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്. മുന്‍ഗണനാ ക്രമത്തിലായിരിക്കും കൊണ്ടുവരിക. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ല. കേന്ദ്രസര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ഗള്‍ഫില്‍നിന്നെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
content highlights: Health minister K K Shailaja press meet