മലപ്പുറം: കോവിഡ് 19 മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല. ജില്ലയിലെ കോവിഡ് ചികിത്സയിലുള്ള അവസാനത്തെയാളുടെ പരിശോധനാഫലവും നെഗറ്റീവ് ആയി. ആദ്യ രണ്ട് പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ അഞ്ച് പേര് കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേയ്ക്കു മടങ്ങി. അഞ്ച് പേര് ഒരുമിച്ച് പുതു ജീവിതത്തിലേയ്ക്ക് മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോവിഡിനെതിരെ പോരാടുന്ന മുഴുവന്‍ പേര്‍ക്കും അഭിമാന മുഹൂര്‍ത്തമായി.
രാവിലെ 10.30 ന് ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ നിന്നാണ് അവസാന അഞ്ച് പേരും പുറത്തിറങ്ങിയത്. കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഇവര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തങ്ങള്‍ക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്കും പരിചരണത്തിനും അഞ്ച് പേരും നന്ദി പറഞ്ഞു.
നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശിയും മരണത്തിന് കീഴടങ്ങിയിരുന്നു.
Content Highlight: Last Covid patient from Malappuram left from Hospital