തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്ക് രോഗബാധിതരുമായി സമ്പര്‍ക്കമുള്ളതായി കണ്ടെത്താനായിട്ടില്ല.
നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തക, ഇടുക്കി വണ്ടന്‍മേട്ടിലെ വിദ്യാര്‍ഥി, കോട്ടയം ജില്ലയിലെ രണ്ടു നഴ്സുമാര്‍, ചന്തയിലെ ചുമട്ടുതൊഴിലാളി, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാര്‍ഥിനി, പാലക്കാട് വിളയൂരിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് എങ്ങനെ വൈറസ് ബാധിച്ചുവെന്ന് വ്യക്തമല്ല.
അതേപോലെ തന്നെ രോഗംബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുട്ടി, തിരുവനന്തപുരം പോത്തന്‍കോട്ടെ പോലീസുകാരന്‍, കണ്ണൂരില്‍ ചികിത്സതേടിയ മാഹി സ്വദേശി എന്നിവരുടെ കാര്യത്തിലും ഉറവിടം അജ്ഞാതമാണ്. മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും പരിശോധിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഏലപ്പാറ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് രോഗബാധയുണ്ടായത് ഗൗരവമായി കാണണമെന്നും ആരോഗ്യപ്രവര്‍ത്തകരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഇല്ലെങ്കില്‍ ഇവര്‍ വഴി കൂടുതല്‍പേര്‍ക്ക് രോഗം പടരാനിടയാവുമെന്നും ഐഎംഎ വ്യക്തമാക്കി.
കൊറോണബാധിതരുമായി ഒരു സമ്പര്‍ക്കവുമില്ലാത്തവര്‍ക്ക് രോഗം പകരുന്നതാണ് സമൂഹവ്യാപനമായി കണക്കാക്കുന്നത്. പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ ഘട്ടവും അതാണ്. എന്നാല്‍ സംസ്ഥാനത്ത് അങ്ങനെയൊരു അപകടസ്ഥിതി ഇപ്പോഴില്ലെന്നാണ് ആരോഗ്യമന്ത്രിയടക്കമുള്ള അധികൃതര്‍ വ്യക്തമാക്കുന്നത്.
Content Highlight: 10 special Covid cases reported in Kerala where their origin is hidden