പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശമന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വിമാനത്താവളത്തിലും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍ഫോഴ്സ് അതോററ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിൽ വിപുലമായ പരിശോധനകളാകും നടത്തുക. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിന് സമീപം തന്നെ നിരീക്ഷണത്തിലാക്കും. അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. വീടുകളില്‍ പോവുന്നവരെ വിമാനത്താവളം മുതല്‍ വീട് വരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറ്റാത്തവരെ സര്‍ക്കാരിൻ്റെ നിരീക്ഷണ കേന്ദ്രത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന ആളുകളുടെ ലഗേജുകള്‍ കൃത്യമായി വീടുകളില്‍ എത്തിക്കുന്നത് സര്‍ക്കാരായിരിക്കും. ഓരോ വിമാനത്താവളത്തിലും പ്രവാസികളെ താമസിപ്പിക്കാന്‍ നിരീക്ഷണകേന്ദ്രങ്ങളും ആശുപത്രികളും സജ്ജമാണ്. എല്ലാ വിമാനത്താവളത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നവരുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടൽ മാർഗം പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുകയാണെങ്കില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സംസ്ഥാനം സജ്ജീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: Kerala is ready to receive Expatriates says CM