കൊവിഡിനെ പ്രതിരോധിക്കാൻ യോഗയും മന്ത്രവും ഉപയോഗിക്കണം ; ശിവരാജ് സിങ് ചൗഹാൻ

Shivraj Chouhan calls for yoga, chants for coronavirus treatment

കൊറോണയെ പ്രതിരോധിക്കാൻ യോഗയും മന്ത്രവും സംഗീതവും ഉപയോഗിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നിലവിലുള്ള ചികിത്സയുടെ കൂടെ ഇവയുടെ കൂടി സഹായം തേടണമെന്നാണ് ചൗഹാൻ പറയുന്നത്. മതനേതാക്കളോട് വീഡിയോ കോൺഫറൻസിങ് വഴി സംവദിക്കവെയാണ് ശിവരാജ് സിങ് ചൗഹാൻ പുതിയ നിർദേശം മുന്നോട്ട് വച്ചത്.  മരണനിരക്ക് കുറയ്ക്കാന്‍ ഇത്തരത്തിലൊരു ചികിത്സാരീതി സഹായകരമാകുമെന്ന് പറഞ്ഞ ചൗഹാൻ മറ്റ് ചികിത്സാ രീതികളെക്കുറിച്ചുള്ള നിർദേശങ്ങൾ മുന്നോട്ട് വെക്കാനും മതനേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒരുപാട് അസുഖങ്ങൾ സ്നേഹം കൊണ്ട് മാറിയിട്ടുണ്ട്. കൊവിഡ് പോലൊരു രോ​ഗം വരുമ്പോൾ സ്വന്തം അമ്മയ്ക്ക് മകനെ പോലും തൊടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സാധാരണ ചികിത്സാ രീതികൾക്കൊപ്പം ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും ഉപയോഗിക്കണമെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ 50 ​ഗ്രാം വരുന്ന 1 കോടി ആയുർവേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബിജെപി സർക്കാരിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൗഹാന്‍ പാരമ്പര്യത്തിലൂന്നിയുള്ള പുതിയ ചികിത്സാരീതി പരീക്ഷിക്കണമെന്ന അഭിപ്രായവുമായി എത്തിയത്. അതേസമയം രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് മധ്യപ്രദേശിലെ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളിൽ ശിവരാജ് സിങ് ചൗഹാൻ്റെ ഫോട്ടോ പതിക്കുന്നതിൽ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. 

Content highlights: Shivraj Chouhan calls for yoga, chants for coronavirus treatment