സാലറി ചലഞ്ചിന് പുതിയ ഓര്‍ഡിനന്‍സ്; ശമ്പളം ഓര്‍ഡിനന്‍സിന് അംഗീകാരം കിട്ടിയ ശേഷം മാത്രം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ഓര്‍ഡിനന്‍സ് ഇറക്കി മറികടക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തിന് നിയമ പരിരക്ഷ ഉറപ്പാക്കാനാണ് ദുരന്ത പ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഓര്‍ഡിനന്‍സ്. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് ഈ ഓര്‍ഡിനന്‍സ് നിലവില്‍വരും.

ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായ ശേഷം മാത്രമേ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുകയുള്ളുവെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള സാലറി കട്ട് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് കേരള ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. എക്‌സിക്യൂട്ടീവ് ഉത്തരവിന് നിയമ പരിരക്ഷ ഇല്ലാത്തതിനാലാണ് ഉത്തരവ് കോടതി സ്റ്റേ ചെയ്തത്.

ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച 3 ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ചും നിയമ സെക്രട്ടറി ഗവര്‍ണറെ കണ്ടു വിശദീകരിക്കും. ശമ്പളം പിടിക്കുന്നതിന്റെ നിയമസാധുതയെച്ചൊല്ലി പ്രതിപക്ഷ സര്‍വീസ് സംഘടനകളും ഭരണപക്ഷവും തമ്മില്‍ പോരു മുറുകുകയാണ്.

Content Highlight: New ordinance applied for Salary Challenge amid Covid pandemic