മഹാരാഷ്ട്രയില്‍ നിന്നും വന്ന 173 സിഖ് തീര്‍ത്ഥാടകര്‍ക്ക് കോവിഡ്; പഞ്ചാബ് ആശങ്കയില്‍

ഡല്‍ഹി: മഹാരാഷ്ട്രയിലെ നന്ദേദില്‍ തീര്‍ത്ഥാടനത്തിന് പോയി തിരിച്ചെത്തിയ സിഖ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുരുദ്വാര സന്ദര്‍ശിച്ചെത്തിയ 173 പേരാണ് കൊവിഡ് ബാധിതരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഏപ്രില്‍ 22 മുതല്‍ മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര ഹസൂര്‍ സാഹിബില്‍ നിന്നുള്ള തീര്‍ഥാടകര്‍ പഞ്ചാബിലേക്ക് മടങ്ങാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അഞ്ചു ദിവസത്തിന് ശേഷമാണ് ഇവരെ ക്വാറന്റീനിലാക്കാന്‍ ഉത്തരവു വന്നത്.

നാലായിരത്തോളം തീര്‍ത്ഥാടകരാണ് പഞ്ചാബില്‍ നിന്ന് നന്ദേദ് ഗുരുദ്വാരയിലേക്ക് തീര്‍ഥാടനത്തിനു പോയിരുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവരില്‍ ചിലരെല്ലാം അവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിനെ തുടര്‍ന്ന് 3,500 പേര്‍ പഞ്ചാബിലേക്ക് മടങ്ങി എത്തി. ഗുരുദ്വാര സന്ദര്‍ശിച്ചവര്‍ തിരികെ എത്തിയ സമയത്ത് നിരീക്ഷണത്തിലാക്കുന്നതില്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

തീര്‍ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബല്‍ബീര്‍ സിങ്ങും രംഗത്തെത്തി. അവര്‍ക്ക് സഹായം ഏര്‍പ്പെടുത്തിയില്ലെന്നും പരിശോധന നടത്തിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന സിങ്ങിന്റെ ആരോപണത്തെ ഗുരുദ്വാര നിഷേധിച്ചു. ഇത്രയും ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. വിഷമിക്കേണ്ടതില്ല. വീട്ടില്‍ തന്നെ തുടരണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കോവിഡിനെതിരെ പോരാടേണ്ടതുണ്ട്. നമ്മള്‍ ഈ യുദ്ധത്തില്‍ വിജയിക്കും’- പഞ്ചാബ് മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ മന്ത്രി ഓം പ്രകാശ് സോണി പറഞ്ഞു.

മുന്‍പ് ഗുരുദ്വാര സന്ദര്‍ശിച്ച അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇതുവരെ 539 കോവിഡ് കേസുകളാണ് പഞ്ചാബില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19 പേര്‍ രോഗം ബാധിച്ച് മരിച്ചു.

Content Highlight: Covid confirmed on 173 pilgrims came from Maharashtra