ഡൽഹിയിൽ ഒരു കെട്ടിടത്തിലെ 44 പേർക്ക് കൊവിഡ്

44 In A Delhi Building Test Positive For Coronavirus

ഡല്‍ഹിയിലെ കാപ്‌ഷേര മേഖലയിലെ ഒരു കെട്ടിടത്തിലെ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ 10 ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഏപ്രില്‍ 18ന് കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗിയുമായി കെട്ടിടത്തിലെ താമസക്കാര്‍ക്ക്‌ സമ്പര്‍ക്കമുണ്ടായി എന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് പ്രദേശം സീല്‍ ചെയ്യുകയും ഏപ്രില്‍ 20, 21 തീയതികളില്‍ സ്ഥലത്തെ 175 പേരുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതില്‍ 67 പേരുടെ ഫലമാണ് ശനിയാഴ്ച ലഭിച്ചത്. 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

പരിശോധന ഫലം വരാൻ കാലതാമസം എടുത്തതിനാൽ പ്രദേശത്ത് കൂടുതൽ കൊവിഡ് കേസുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 3,738 കൊവിഡ് കേസുകളും 61 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡല്‍ഹി കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ്. തലസ്ഥാനത്തെ 11 ജില്ലകളും റെഡ് സോണ്‍ വിഭാഗത്തിലാണ്. ഈ ജില്ലകളെല്ലാം മെയ് 17 വരെ റെഡ് സോണില്‍ തന്നെ ആയിരിക്കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.

content highlights: 44 In A Delhi Building Test Positive For Coronavirus