ചൈന്നൈ: തമിഴ്നാട്ടിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ ജില്ലകളിലേക്ക് മടങ്ങിയ 467 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരെ ഇനി ആശുപത്രിയില്‍ ചികിത്സിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങിയ കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ പതിനായിരത്തിലധികം പേരെ നിരീക്ഷണത്തിലാക്കി.
ചെന്നൈ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ കോയമ്പേട് ഹോട്ട്സ്പോട്ടായതോടെ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ പുതുതായി സ്ഥിരീകരിക്കുന്ന കേസുകളിലധികവും കോയമ്പേട്് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്കാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചെന്നൈയിലെ 12ഓളം ജില്ലകളില്‍ കൊവിഡ് വ്യാപിക്കുന്നതിന് കോയമ്പേട് മാര്‍ക്കറ്റ് കാരണമായിട്ടുണ്ട്.
മാര്‍ക്കറ്റിലെ ശുചീകരണ തൊഴിലാളികള്‍, അഗ്‌നിശമന സേനാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോയമ്പേട് മാര്‍ക്കറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങി തമിഴ്നാട്ടിലെ അമ്പത്തൂരില്‍ വില്‍പന നടത്തിയ കച്ചവടക്കാരനില്‍ നിന്നും പ്രദേശത്തെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.
കല്യാണമണ്ഡപങ്ങള്‍, സ്‌കൂള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ രോഗലക്ഷണം ഉള്ള കൊവിഡ് ബാധിതരെ മാത്രമേ ആശുപത്രിയില്‍ ചികിത്സിക്കൂ എന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണം ഇല്ലാത്ത രോഗികള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. രോഗബാധിതര്‍ ഇരട്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
Content Highlight: Chennai Koyambedu market become Covid hot spot








