കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൊവിഡ് മുക്തം; കേരളത്തില്‍ ഇനി 30 രോഗികള്‍ മാത്രം

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗം കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ടാമതൊരിക്കല്‍ കൂടി കേരളത്തെ കോവിഡ് ഭീതിയിലാഴ്ത്തിയ പത്തനംതിട്ട ജില്ലയും കോവിഡ് മുക്തം. 42 ദിവസത്തിന് ശേഷം ബുധനാഴ്ച യുകെയില്‍ നിന്നെത്തിയ നാല്‍പതുകാരനും രോഗം ഭേദമായതോടെയാണ് പത്തനംതിട്ടയും ആശ്വാസ തീരമണഞ്ഞത്.

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ അടുത്ത ബന്ധുവായ 62 കാരിക്ക് 43 ദിവസത്തിനുശേഷം മാത്രം രോഗം ഭേദമായത് സംസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അപൂര്‍വ അനുഭവമായിരുന്നു. സമാന അനുഭവമാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ആറന്മുള എരുമക്കാട് സ്വദേശിയായ യുവാവിന്റെ കാര്യത്തിലും ഉണ്ടായത്. ഇദ്ദേഹത്തിന് ശ്രവ പരിശോധന 19 തവണ നടത്തേണ്ടി വന്നു. ഇടക്ക് മൂന്ന് തവണ ഫലം നെഗറ്റിവ് ആയിരുന്നെങ്കിലും തുടര്‍ച്ചയായി രണ്ട് ഫലം നെഗറ്റിവ് ആകാന്‍ വൈകുകയായിരുന്നു.

രോഗബാധിതരായി ചികിത്സയിലിരുന്ന അഞ്ചുപേര്‍കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെയാണ് കോട്ടയം ജില്ല കോവിഡ് മുക്തമായത്. പരിശോധനഫലം നെഗറ്റിവായതിനെത്തുടര്‍ന്നാണ് ജില്ലയില്‍ അവശേഷിച്ചിരുന്ന അഞ്ചുപേരെക്കൂടി ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ഇടവേളക്കുശേഷം വീണ്ടും ജില്ലക്ക് ആശ്വാസദിനം. നേരത്തേ ചികിത്സയിലുണ്ടായിരുന്ന മൂന്നുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ, സംസ്ഥാനത്തെ ആദ്യ കോവിഡ് മുക്ത ജില്ലയായി കോട്ടയം മാറുകയും ഗ്രീന്‍സോണില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രീന്‍സോണ്‍ പദവി നഷ്ടമായി. ഇതിനിടെ, ഇടുക്കിയില്‍ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പിന്നാലെ വിവിധ ദിവസങ്ങളിലായി 17 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ ഒഴികെയുള്ളവര്‍ ആശുപത്രി വിട്ടിരുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് ബുധനാഴ്ച ആറുപേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി (25), വടയാര്‍ സ്വദേശിയായ വ്യാപാരി(53), തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി (33), ഡല്‍ഹിയില്‍നിന്ന് റോഡുമാര്‍ഗം കോട്ടയത്തേക്ക് വരുമ്‌ബോള്‍ ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി (65), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍(56) എന്നിവരാണ് ആശുപത്രി വിട്ടത്.

ഇതിനൊപ്പം ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയായ യുവാവും വീട്ടിലേക്ക് മടങ്ങി. വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ജില്ലയില്‍ 20 പേര്‍ രോഗമുക്തരായി. ഏറ്റവുമൊടുവില്‍ പരിശോധന ഫലം പോസിറ്റിവായത് ഏപ്രില്‍ 27നാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 552 പേരും സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ട 599 പേരും ഇപ്പോള്‍ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Content Highlight: Kottayam, Pathanamthitta districts free from Covid and get into green zone