ഒരുക്കങ്ങള്‍ പൂര്‍ണം; പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം തയ്യാര്‍

കൊച്ചി: അബുദാബിയില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തും. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ നിരീക്ഷണത്തിലേയ്ക്ക് മാറ്റും. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂരില്‍ നിന്ന് 73 പേരും, പാലക്കാട് 13 പേരും, മലപ്പുറം സ്വദേശികളായ 23 പേര്‍, കാസര്‍ഗോഡ് നിന്ന് ഒരാള്‍, ആലപ്പുഴയില്‍ 15 പേര്‍, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്. ഇവരെ വിമാനത്താവളത്തില്‍ നിന്ന് അതത് ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

യാത്രക്കാര്‍ പൂരിപ്പിച്ചുനല്‍കേണ്ട സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള ഫോറങ്ങള്‍ വിമാനത്തില്‍ തന്നെ കൊടുത്തുവിടും. പ്രവാസികള്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ടെമ്പറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉപയോഗിച്ച് ഇവരുടെ താപനില പരിശോധിക്കും. യാത്രക്കാരുടെ ബാഗുകള്‍ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. ശേഷം ബാഗിന്റെ ഓരോ വശത്തും അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും.

ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റീന്‍ നിശ്ചയിച്ചിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലക്കാരനായ ഏക യാത്രക്കാരനും തല്‍ക്കാലം എറണാകുളത്താണ് ക്വാറന്റീനില്‍ കഴിയുക. കളമശേരിയിലെ എസ്സിഎംഎസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒരുക്കിയിട്ടുള്ളത്. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുമ്പിലും കണ്‍വെയര്‍ ബെല്‍റ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാനുള്ള പ്രത്യേക അടയാളങ്ങള്‍ വച്ചിട്ടുണ്ട്.

Content Highlight: Kochi, Nedumbassery airport ready to receive the expats